ഗോട്ടിന്‍ഗന്‍: ശാസ്ത്രത്തിന്റെ നഗരത്തില്‍

[ഈ ലേഖനത്തിന്റെ അവസാനത്ത്തിൽ  പരമാർ ശിക്കുന്ന സ്കെഡ് മൈക്രോസ്കോപി കണ്ടു പിടിച്ച മനുഷ്യന് ഈ  വർഷത്തെ നോബൽ  പ്രൈസ് ലഭിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ .  ]
 
ജര്‍മ്മനിയുടെ ടൂറിസ്റ്റു മാപ്പുകളിലൊന്നും പരതിയാല്‍ ഗോട്ടിന്‍ഗനെ കണ്ടെന്നു വരില്ല. ബര്‍ലിനെയോ ഫ്രാങ്ക്ഫര്‍ട്ടിനെയോ അപേക്ഷിച്ച് ഇതിവിടെ ഒരു നഗരം പോലുമല്ല. ഒരു ചെറിയ ടൌണ്‍ഷിപ്പെന്നു പറയാം. നോക്കിലും വാക്കിലും തികച്ചും സാധാരണക്കാരായ ഒരു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഒരു ചെറിയ ടൗണ്‍. അതില്‍തന്നെ കാല്‍ഭാഗവും വിദ്യാര്‍ത്ഥികള്‍; അധികമൊന്നും അറിയപ്പെടാത്ത ഈ ടൗണില്‍ പറയത്തക്കതായി മുന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള ഒരു സര്‍വകലാശാലയുണ്ട് -- ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വന്നെത്തുന്നു. അവരുണ്ടാക്കുന്ന ആരവങ്ങളൊഴിച്ചാല്‍ പൊതുവെ ഉറങ്ങിക്കിടക്കുന്ന ഒരു കൊച്ചു പ്രദേശമാണ് ഗോട്ടിന്‍ഗന്‍.

നഗരമധ്യത്തിലെ ഒരു പാര്‍ക്കില്‍ നില്ക്കുകയാണ് ഞാന്‍. ഈ വര്‍ഷത്തെ വേനല്‍ക്കാലം വളരെ പെട്ടെന്ന് തീര്‍ന്നതു പോലെ തോന്നുന്നു . ഒരു ഘടികാരത്തിന്റെ കണിശതയോടെയാണല്ലോ ഇവിടെയൊക്കെ കാലാവസ്ഥ മാറുന്നത്. പച്ചപ്പു നിറഞ്ഞ ഉല്ലാസഭരിതമായ വേനല്‍ക്കാലം മൂന്നു മാസത്തേക്ക്. ഇലകള്‍ മഞ്ഞിക്കുകയും പതിയെ ചുവന്നു തുടുത്ത് പൊഴിഞ്ഞു പോവുകയും ചെയ്യുന്ന വര്‍ണ്ണാഭമായ ശിശിരം പിന്നാലെ മൂന്നു മാസത്തേക്ക്. ഇലകളെല്ലാം പോയി വരണ്ടുണങ്ങി നില്‍ക്കുന്ന ഭൂമിയെ വെളുപ്പു കൊണ്ടു മൂടാന്‍ മഞ്ഞു പെയ്യുന്ന ഹേമന്തം. അതിന് പിന്നാലെ പുതുനാമ്പുകള്‍ ആര്‍ത്തിയോടെ പൊട്ടി മുളച്ചു വരുന്ന പുതിയ വസന്തം. ഔദ്യോഗികമായി ശരത്കാലം ആരംഭിച്ചെങ്കിലും ഭാഗ്യത്തിന് ഇന്നു വലിയ തണുപ്പൊന്നുമില്ല. ശനിയാഴ്ച അവധിയാണു താനും. അതു കൊണ്ട് തന്നെ പാര്‍ക്കുകളില്‍ സാമാന്യം തിരക്കുണ്ട്. വാരാന്ത്യത്തില്‍ കൂട്ടുകാരോടൊത്ത് സൊറ പറയാനും ഭക്ഷണം പങ്കു വെയ്ക്കാനുമെത്തിയിരിക്കുന്ന ചെറുപ്പക്കാര്‍. മരച്ചുവട്ടിലിരുന്ന് പാട്ടു പാടുകയും സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഏകാന്ത ഗായകര്‍. തുറന്ന അന്തരീക്ഷത്തില്‍ കുടുംബത്തോടൊത്ത് ഭക്ഷണം ചുട്ടെടുക്കാനെത്തിയവര്‍. കുട്ടികളെയും പട്ടികളെയും കളിപ്പിക്കാനെത്തിയവര്‍ വേറെയും. ആകപ്പാടെ പാര്‍ക്കിന് ഒരുണര്‍വ്വുണ്ട്.

നഗരത്തിലെ ഒരു പഴയ സെമിട്ടേരിയാണ് ഈ പാര്‍ക്ക്. സംഗീതസാന്ദ്രമായ ഈ വാരാന്ത്യം ആളുകള്‍ അഘോഷിക്കുന്നത് ശവക്കല്ലറകളില്‍ ചാരിയിരുന്നാണ്. ഇവയില്‍ മിക്കവാറും ആയിരത്തി എണ്ണൂറുകളിലും അതിനു മുന്പും മരിച്ചവരാണ്. അതു കൊണ്ടാവണം മറ്റു സെമിത്തേരികളെ അപേക്ഷിച്ചു പുതിയ പൂക്കളൊ കത്തി നില്‍ക്കുന്ന മെഴുകുതിരികളോ ഇവിടെ കാണാനില്ല. എന്നാലും ഇവിടത്തെ അന്തേവാസികള്‍ക്ക് പരിഭവം കാണാനിടയില്ല. ഒരു തിരി കത്തിച്ചു വെയ്ക്കാന്‍ ആരും വരാനില്ലെങ്കിലും കനലില്‍ വെന്തു മൊരിയുന്ന ഇറച്ചിയുടെ കൊതിപ്പിക്കുന്ന വാസനക്കും കൊച്ചു കുട്ടികളുടെ കലപില ബഹളങ്ങള്‍ക്കും ഇടയില്‍ പാട്ടും കൂത്തുമായി എന്നും അങ്ങനെ കഴിയാമെന്നത് ചില്ലറ കാര്യമല്ലല്ലോ.

എനിക്കു മുന്‍പിലുള്ള കല്ലറ സാമാന്യം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ചുറ്റും ചെടികള്‍ പിടിപ്പിച്ച് അലങ്കരിച്ചിട്ടുണ്ട്. കല്ലറക്കു മുകളില്‍ അതിലെ അന്തേവാസിയുടെ മുഖം മാര്‍ബിളില്‍ കൊത്തി വെച്ചിരിക്കുന്നു. ആ മനുഷ്യന്റെ ഒരു കാലത്തെ മുഖം പല പുസ്തകങ്ങളിലും കണ്ട് പരിചയമുണ്ട്. അതിനു താഴെ എഴുതിയിരിക്കുന്ന പേര് ലോകപ്രശസ്തമാണ് : കാള്‍ ഫ്രെഡറിക് ഗൗസ് (1777-1855). ദരിദ്രതൊഴിലാളികളുടെ മകനായി ജനിച്ച് ഗണിതശാസ്ത്രത്തിന്റെ രാജകുമാരനായി വിരാജിച്ച  സാക്ഷാല്‍ ഗൗസിന്റെ അന്ത്യ വിശ്രമ കേന്ദ്രമാണ് ഈ കൊച്ചു പാര്‍ക്കിലെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കല്ലറ. ഇതിനടിയില്‍ മണ്ണോട് ചേര്‍ ന്നു കിടക്കുന്ന തലച്ചോര്‍ ഒരു കാലത്ത് ഗണിത ശാത്രത്തിലും ഭൗതികശാസ്ത്രത്തിലും വിഹരിച്ചിട്ടില്ലാത്ത മേഖലകള്‍ കുറവാണ്. അതിന്റെ സത്തയില്‍ നിന്നും വളര്‍ന്ന ചെടികളും മരങ്ങളും ഈ പാര്‍ക്കിനു കുളിര്‍മ്മയേകുന്നു. അതില്‍ നിന്നും വന്ന ആശയങ്ങള്‍ ഇന്നും ശാസ്ത്രത്തിനു വഴി കാണിക്കുന്നു.
* * * * *

ഒരര്‍ത്ഥത്തില്‍ ഒരു പ്രേതനഗരമാണ് ഗോട്ടിന്‍ഗന്‍. അതു ജീവിക്കുന്നത് ഗതകാലത്തിന്റെ പ്രൗഡിയിലാണ്. ഒരു കാലത്തു ഈ നഗരത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ പ്രശസ്തിയും അവര്‍ നാഗരികതയ്ക്കു നല്‍കിയ സംഭാവനകളുമാണ് ഗോട്ടിന്‍ഗന്റെ ആസ്തി. ഇവിടുത്തെ തെരുവുകള്‍ അവരുടെ പേരുകളിലറിയപ്പെടുന്നു. വീടുകള്‍ക്കു മുകളില്‍ ഇന്നും പഴയ താമസക്കാരുടെ പേരുകള്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു . നഗരത്തിന്റെ സെമിത്തേരിയില്‍ ഒരു ഭാഗത്തു പത്തു നോബല്‍ സമ്മാനജേതാക്കളെ അടുത്തടുത്തായി സംസ്കരിച്ചിരിക്കുന്ന ഒരു ഭാഗമുണ്ട്. പത്തു നോബല്‍ സമ്മാനജേതാക്കള്‍ ഒരുമിച്ചോ എന്നു ചോദിക്കാന്‍ വരട്ടെ. വൈകുന്നേരങ്ങളില്‍ താന്താങ്ങളുടെ അപ്പവും വാങ്ങി വീടുകളിലേക്ക് വേച്ചു വേച്ചു പോകുന്ന ഈ മനുഷ്യര്‍ അമ്പതോളം നോബല്‍ സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. നോബല്‍ സമ്മാനങ്ങ്ങ്ങള്‍ ആരംഭിക്കുന്നതിനു മുന്പ് തന്നെ, ആല്‍ഫ്രഡ് നോബലിന്റെ കാലത്തിനും എത്രയോ മുന്പ് ,ഗൗസും വെബറും വെദ്യുതകാന്തിക സിദ്ധാന്തത്തിന്റെ അടിത്തറ പാകിയത് ഇവിടെ വെച്ചാണ്. ഒരു പട്ടിയുടെയും സഹായമില്ലാതെ ഞാന്‍ മൂത്രം നിര്‍മ്മിച്ചുവെന്നു നെഞ്ചു വിരിച്ചു ലോകത്തോട് പറഞ്ഞ ഫ്രെഡറിക് വൂളര്‍, ജീവലോകത്തെ അതീന്ദ്രീയ സിദ്ധാന്തങ്ങള്ക്കു അവസാനം കുറിക്കുകയും ഓര്ഗാനിക് കെമിസ്ട്രി തുടങ്ങി വെയ്ക്കുകയും ചെയ്ത അതേ വൂളര്‍ , അക്ഷമനായി ഉലാത്തിയത് ഈ തെരുവുകളിലൂടെയാണ്. മാക്സ് പ്ളാങ്കും മാക്സ് ബോണും ഹെയ്സന്‍ബര്ഗും ക്വാണ്ടം ബലതന്ത്രത്തിന്റെ പൊരുളന്വേഷിച്ചത് ഈ കൊച്ചു നാട്ടിന്‍ പുറത്തു വെച്ചാണ്. ജര്‍മ്മനിയുടെ ദേശിയ കവിയും കാള്‍ മാര്‍ക്സിന്റെ സുഹൃത്തുമായിരുന്ന എന്‍റീഷ് ഹെയ്നെ, നൂക്ളിയാര്‍ ശാസ്ത്രജ്ഞനായ ഓപ്പന്‍ ഹെയ്മര്‍, ക്വാണ്ടം ബലതന്ത്രത്തിലെ മറ്റു അഗ്രഗാമികളായ പൗളി, എന്‍റികോ ഫെര്‍മി , പ്രശസ്ത ഗണിത ശാസ്ത്രജ്ഞരായ ജോണ്‍ വൊണ്‍ നോയ്മാന്‍ , ദേവിഡ് ഹില്‍ബര്‍ട്ട്, ഫെലിക്സ് ക്ലേയെന്‍ , റീമാന്‍ ജ്യാമിതി കണ്ടു പിടിച്ച ബെന്‍ഹാര്‍ഡ് റീമാന്‍, ശാസ്ത്രലോകത്തെ വരാനിരിക്കുന്ന പല സിദ്ധാന്തങ്ങളെയും മുന്പേ മനനം ചെയ്ത ക്രാന്തദര്‍ശിയായ തത്വചിന്തകന്‍ ഇമ്മാനുവല്‍ കാന്റ് എന്നിങ്ങനെ ആധുനിക ശാസ്ത്രത്തെയും തത്വചിന്തയെയും പുനര്‍നിര്‍വ്വചിച്ച ധിഷണാശാലികളില്‍ വലിയൊരു വിഭാഗം ഇവിടെ ജീവിച്ചിരുന്നവരോ പഠിച്ചവരോ ആണ്
 
ഗോട്ടിന്‍ഗനിലെത്തി മൂന്നു മാസത്തോളം ഞങ്ങള്‍ താമസിച്ചിരുന്നത് ബുര്‍ണര്‍ സ്ട്രാസ്സെയിലെ മാക്സ് പ്ലാങ്ക് സൊസൈടിയുടെ അതിഥിമന്ദിരത്തിലായിരുന്നു. ബൂണ്‍സണ്‍ ബര്‍ണര്‍ വഴി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വരെ സുപരിചിതനായ റോബര്‍ട്ട് ബുണ്‍സന്റെ പേരിലാണ് ആ തെരുവ്. ആ കെടിടമാവട്ടെ ഗോട്ടിന്‍ഗന്‍ യൂണിവേഴ്സിറ്റിയുടെ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് ആയിരുന്നു ഒരു കാലത്ത്. ആ കാലത്ത് ഹെയ്സന്‍ബര്‍ഗും മാക്സ് ബോണും പലതവണ ആ കെട്ടിടത്തില്‍ കയറിയിറങ്ങിക്കാണണം. ഇന്നവിടെ ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള ശസ്ത്രജ്ഞരും ഇനിയും പക്വത വന്നിട്ടില്ലാത്ത ശാസ്ത്ര വിദ്യാര്‍ത്ഥികളും താമസിക്കുന്നു. ക്വാണ്ടം ബലതന്ത്രത്തിനു തുടക്കം കുറിക്കുന്ന സമയത്തു അതിനു വഴി തെളിയിച്ചവരില്‍ മിക്കവര്‍ക്കും അവരേക്കാള്‍ എത്രയോ പ്രായം കുറവായിരുന്നുവെന്നത് വേറെ കാര്യം; അതൊരു കാലം!
* * * * *
ജര്‍മ്മനിയുടെ ഈ ഭാഗം ഒരു മലയോര പ്രദേശമാണ്. ചെറുതും വലുതുമായ മലനിരകള്‍, പച്ചപ്പു നിറഞ്ഞ കാടുകള്‍, അവക്കിടയില്‍ ഗോതമ്പും സൂര്യകാന്തികളും കടുകും വിളയുന്ന പാടങ്ങള്‍. വേനല്‍ കഴിഞ്ഞതോടെ പാടങ്ങള്‍ മിക്കതും ഉണങ്ങി സ്വര്‍ണ്ണനിറമായിട്ടുണ്ട്. അവ്യ്ക്കിടയില് ഒഴുകുന്ന കൊച്ചരുവികള്‍ വെളിച്ചം തട്ടുമ്പോള്‍ തങ്കം കൊണ്ട് നെയ്തെടുത്ത പ രവതാനിക്കകത്തെ വെള്ളി നാരുകളെ ഓര്‍മ്മിപ്പിക്കുന്നു . മനോഹരമായ ഈ നാടാണോ ബെയ്ഥോവനും ബാകിനും മൊസാര്‍ട്ടിനും സംഗീതം പകര്‍ന്നു നല്‍കിയത്- ഗോയ്ഥെയുടെ കവി ഭാവനയെ തുറന്നു വിട്ടത് ? കാന്റിനും ഹെഗലിനും വസ്തു പ്രപഞ്ചത്തിന്റെ ദാര്‍ശനികസമസ്യകള്‍ വെളിവാക്കി കൊടുത്തത് ? അവരുടെ ശിഷ്യരായ മാര്‍ക്സിനും ഏംഗല്‍സിനും ലോകത്തെ മാറ്റാനുള്ള ഊര്‍ജ്ജം നല്‍കിയത് ? ഇത്രയും മനോഹരമായ സ്ഥലത്തു നിന്നും ഉദാത്തമായതു മാത്രമേ വരുക സാധ്യമുള്ളൂ. പക്ഷേ ഇതേ മണ്ണില്‍ നിന്നും തന്നെയല്ലേ മനുഷ്യ ചരിത്രത്തിലെ ഇരുണ്ട ഏടുകളുടെയും തുടക്കം ? അതെങ്ങനെ സംഭവിച്ചു ?

ഇളം തണുപ്പുള്ള ഒരു വൈകുന്നേരം ഇരു കാടിനുള്ളിലൂടെ പലതും ആലോചിച്ചു വെറുതെ നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ആരും കാണരുതെന്ന പോലെ ഒരു സ്തൂപം ആ കാടിനുള്ളില്‍ കണ്ടത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച സൈനികര്‍ക്കുള്ള ഒരു സ്മാരകമായിരുന്നു അത്. ബര്‍ലിനിലൊക്കെ യുദ്ധത്തിന്റെ സ്മരണികകള്‍ ഒരു പാട് കാണാമെന്നു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ ഒന്നു കാണുന്നത്. അതും ഒരു നാണക്കേടെന്ന പോലെ ഒളിപ്പിച്ചു വെച്ച രൂപത്തില്‍.

യുദ്ധത്തില്‍ ആയുധം വിറ്റു ലാഭമുണ്ടാക്കിയ കാനഡയില്‍ പോലും മുക്കിനു മുക്കിനു കൂറ്റന്‍ യുദ്ധ സ്മാരകങ്ങള്‍ കാണാമായിരുന്നു. ആര്‍ക്കോ വേണ്ടി ജീവിതം കൊടുക്കാന്‍ ആശങ്കയോടെ വീടു വിട്ടിറങ്ങിപ്പോയ ചെറുപ്പക്കാരെ നെഞ്ചു വിരിച്ച് പോരാടുന്ന യോദ്ധാക്കളായും ബ്രിട്ടീഷ് രാജജ്ഞിയെ അവരെ അനുഗ്രഹിച്ചയക്കുന്ന മാലാഖയായും രൂപാന്തരപ്പെടുത്തിയ ജീവസ്സുറ്റ മാര്‍ബിള്‍ പ്രതിമകള്‍ ഓരോ കവലയിലും അഭിമാനത്തോടെ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഗോട്ടിന്‍ഗനില്‍ യുദ്ധത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഒന്നും കണ്ടിട്ടില്ല. യുദ്ധം ജര്‍മ്മനി അഭിമാനത്തോടെ ഓര്‍ക്കുന്ന എരേടല്ല. പരാജയം മാത്രമാവില്ല കാരണം: അന്നത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യ വിരുദ്ധമായ മുഖമെന്താണെന്ന് തുറന്നു കാണിക്കാന്‍ ന്യൂറന്‍ബര്‍ഗ്ഗില്‍ വെച്ചു നടന്ന വിചാരണകള്‍ക്കു കഴിഞ്ഞു എന്നതും കൂടി കൊണ്ടാവണം . വിജയിച്ചവര്‍ പരാജയപ്പെട്ടവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന കംഗാരു നീതിക്കു പകരം ഒരു എതിര്‍കക്ഷിക്കു ലഭിക്കേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടു തികച്ചും നീതി പൂര്‍വ്വമായി തന്നെ ആ വിചാരണ നടക്കണമെന്നു വാശി പിടിച്ചത് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയടു് യൂണിയനായിരുന്നു . ഒരു ബുദ്ധിജീവിയായി പാശ്ചാത്യലോകം വാഴ്ത്തുന്ന ചര്‍ച്ചിലിന്റെ അഭിപ്രായം പിടി കൂടിയ നാസി നേതാക്കളെ വിചാരണ കൂടാതെ വധിക്കണമ്മെന്നതായിരുന്നുവത്രെ. ചര്‍ച്ചിലിന്റെ ആഗ്രഹം പോലെ അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ നാസി ഭരണത്തിന്റെ യഥാര്‍ത്ഥ മുഖമെന്തായിരുനുവെന്ന് ലോകവും ജര്‍മ്മനി തന്നെയും അറിയാതെ പോയേനെ. തുറന്ന കോടതിയില്‍, ലോകം മുഴുവനുമുള്ള പത്രപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍, നാല് ഭാഷകളിലേക്ക് തത്സമയം പരിഭാഷപ്പെടുത്തിക്കുണ്ടു നടത്തിയ ആ വിചാരണ നീതിന്യായ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരേടാണ്. ആ വിചാരണ നടത്താന്‍ അന്നു സോവിയടു് യൂണിയന്‍ കാണിച്ച ജാഗ്രത കാരണമാണ് രണ്ടാം ലോക യുദ്ധത്തില്‍ ഒരു രക്തസാക്ഷിയുടെ പരിവേഷം അവകാശപ്പെടാന്‍ നാസികള്‍ക്ക് കഴിയാതെ പോയത് . ഇന്നും ജര്‍മ്മന്‍ ജനതക്കു നാസി ഭരണകാലം തങ്ങളുടെ ചരിത്രത്തിലെ ഇരുണ്ട കാലമായി തോന്നുന്നതും വേറൊന്നും കൊണ്ടല്ല.

* * * *

ഗോട്ടിന്‍ഗന്റെ ചരിതംഎഴുതുന്നവര്‍ എല്ലയ്പ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. ഈ നഗരത്തിന്റെയും സര്‍വ്വകലാശാലയുടെയും പ്രാധാന്യം കാരണം രണ്ടാം ലോകയുദ്ധത്തില്‍ ഇതിനു കേടുപാടൊന്നും പറ്റാതെ സംരക്ഷിക്കുവാന്‍ വേണ്ടി നാസികള്‍ ബ്രിട്ടീഷ്- അമേരിക്കന്‍ സേനകളുമായി രഹസ്യധാരണയുണ്ടാക്കിയത്രെ. കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലകളെ ജര്‍മ്മനി തൊടില്ലെന്നും പകരം ഗോട്ടിന്‍ഗനെ നാശിപ്പിക്കാതെ ഒഴിവക്കണമെന്നുമായിരുന്നത്രെ ധാരണ.

യുദ്ധത്തില്‍ ഗോട്ടിന്‍ഗനിലെ കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടയില്ല എന്നതു സത്യമാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് യുദ്ധത്തില്‍ സോവിയറ്റ് ചെമ്പടക്കു കൂടെ നില്ക്കേണ്ടി വന്ന അമേരിക്കയും ബ്രിട്ടനും നാസികളുമായി പല നീക്കുപോക്കുകളും ഉണ്ടാക്കിയിരുന്നു എന്നതും സത്യമാണ്. യുദ്ധത്തിന്റെ ഗതി തിരിയും വരെ നാസികളുടെ ആക്രമത്തോടെ കമ്യൂണിസ്ട്ട് ഭീഷണി ഒഴിയുമെന്ന് സ്വപ്നം കണ്ടവരാണല്ലോ അവര്‍. യുദ്ധാനന്തരം നാസി സാമ്പത്തിക വിശാരദന്മാരെയും ആ ഭീകരയന്ത്രത്തിന്റെ നടത്തിപ്പില്‍ സുപ്രധാനപങ്കു വഹിച്ച വിദഗ്ദരില്‍ പലരെയും ന്യൂറന്‍ബര്‍ഗ് വിചാരണയില്‍ പരിക്കൊന്നും പറ്റാതെ തങ്ങളുടെ നാട്ടിലേക്കു കടത്തിക്കൊണ്ടു പോയതും ചരിത്രത്തിന്റെ ഭാഗം. എന്നാല്‍ സര്‍വ്വകലാശാലയെ സംരക്ഷിക്കാന്‍ വേണ്ടി ഇവരെല്ലാം ഒരുമിച്ചു എന്നു പറയുന്നത് വിചിത്രമായി തോന്നുന്നു. ഒരു സര്‍വ്വകലാശാല വെറും കെട്ടിടങ്ങള്‍ മാത്രമാണോ ?

സത്യത്തില്‍ യുദ്ധം തുടങ്ങുന്നതിനും എത്രയോ മുന്പ് തന്നെ സര്‍വകലാശാലയുടെ നാശം ആരംഭിച്ചിരുന്നു. ശാസ്ത്രത്തെയും കലകളെയും ജര്‍മ്മനെന്നും വൈദേശികമെന്നും വേര്‍ തിരിച്ചു കൊണ്ടായിരുന്നു വിജ്ഞാനത്തിനു മുകളില്‍ നാസികളുടെ അക്രമം ആരംഭിച്ചത്. പിന്നാലെ കമ്യൂണിസ്റ്റുകളെയും ജൂതന്മാരെയും വേട്ടയാടാനാരംഭിച്ചതോടെ സര്‍വ്വകലാശാലകളില്‍ നിന്നും വലിയൊരു വിഭാഗത്തിനും പാലായനം ചെയ്യേണ്ടി വരുകയോ അല്ലാത്തവരെ കോണ്‍സന്‍ട്രേഷന്‍ കാമ്പുകളിലേക്കയക്കുകയോ ചെയ്തു. ഹെയ്സന്‍ ബര്‍ഗിന്റെ ഗുരുവായിരുന്ന മാക്സ് ബോണ്‍ ഒരഭയാര്‍ത്ഥിയെ പോലെ കുറെ കാലം ഇന്ത്യയിലും ഉണ്ടായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്ടീനു പോലും രക്ഷയുണ്ടായിരുന്നില്ല.

സ്വതന്ത്രചിന്തയെയും ആശയങ്ങളെയും നശിപ്പിച്ച് കെട്ടിടങ്ങളെ മാത്രം സംരക്ഷിച്ചിട്ടെന്തു കാര്യം ? മുന്നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ഗോട്ടിന്‍ഗന്‍ സര്‍വ്വകലാശാലയ്ക്കു പിന്നീടൊരിക്കലും പുതിയ ആശയങ്ങളുടെ അമരത്തു നില്ക്കുമായിരുന്ന അതിന്റെ പ്രൗഡി വീണ്ടെടുക്കാനായിട്ടില്ല.

* * * * *
ഒരു വൈകുന്നേരം മാക്സ് പ്ളാങ്ക് ഇന്‍സ്ടിട്യൂട്ടിന്റെ മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്നു ഞാനും താരിഖും. ഞങ്ങളുടെ ഗ്രൂപ്പിലെ ഗവേഷണവിദ്യാര്‍ത്ഥിയാണ് താരിഖ്. പേരു കൊണ്ട് പാകിസ്താനിയാണെങ്കിലും താരിഖ് ജനിച്ചതും വളര്‍ന്നതും ജര്‍മ്മനിയിലാണ്. പലപ്പോഴും നാട്ടുകാര്‍ ചോദിക്കാറുള്ള ഒരു ചോദ്യം ഞാന്‍ അല്പം തമാശയായി താരിഖിനോട് ചോദിച്ചു: ഈ കറുത്ത മുടിയും ഗോതമ്പിന്റെ നിറമുള്ള തൊലിയും കറുത്ത കണ്ണുകളും എപ്പോഴെങ്കിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ ? താരിഖ് ചിരിച്ചു. അവന്റമ്മയെ പോലെ ചെമ്പന്‍മുടിയും വെള്ളാരങ്കണ്ണുകളും ഉള്ള ഒരു ജര്‍മ്മന്‍കാരി വിടാതെ കൂടിയിരിക്കുന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങളൊന്നും ഇതേ വരെ ഉണ്ടായിട്ടില്ലെന്നായിരുന്നു കുസൃതി നിറഞ്ഞ മറുപടി.

വിദേശനാടുകളിലൊക്കെ വംശീയവിവേചനമുണ്ടെന്ന തരത്തിലുള്ള ഒരു പ്രചരണം നമ്മുടെ നാട്ടില്‍ കൊണ്ടു പിടിച്ചു നടക്കാറുണ്ട്. താരീഖ് ഉള്‍പ്പെടെ പല വംശത്തില്‍ പെട്ട ആളുകളെയും ഇവിടെ വെച്ചു പരിചയപ്പെടുകയുണ്ടായി. അവര്‍ക്കാര്‍ക്കും എന്തെങ്കിലും തരത്തിലുള്ള വിവേചനം അനുഭവിക്കേണ്ടി വന്നു എന്നു പറഞ്ഞു കേട്ടിട്ടില്ല. താരിഖ് തന്നെ പറഞ്ഞത് ജര്‍മ്മന്‍ സംസാരിക്കാമെങ്കില്‍ ഈ സമൂഹവുമായി എളുപ്പം ഇഴകി ചേരാമെന്നാണ്. അതു ശരി വെയ്ക്കുന്നതാണ് എന്റെയും അനുഭവവും. അല്ലെങ്കിലും നമ്മള്‍ പ്രബുദ്ധമലയാളികള്‍ നമ്മുടെ നാട്ടില്‍ പണിയെടുക്കാന്‍ വരുന്ന പാവം ബംഗാളികളോട് കാണിക്കുന്നതിന്റെ നൂറിലൊന്നു വംശീയ വിവേചനം വേറൊരിടത്തും ഞാന്‍ നേരിട്ടു കണ്ടിട്ടില്ല.



ജര്‍മ്മനിക്കകത്തു ഗോടിന്‍ഗന് എത്ര മാത്രം പേരു കേട്ട നഗരമാണെന്നു ഞാന്‍ താരിഖിനോട് ചോദിച്ചു. എന്നെ നിരാശപ്പെടുത്തുന്നതായിരുന്നു മറുപടി. ജര്‍മ്മനിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗോട്ടിന്‍ഗനെ കുറിച്ചു കേട്ടിട്ടു പോലുമുണ്ടാവില്ലത്രെ. പൊതുവെ തത്വ ചിന്തകരുടെയും കവികളുടെയും നാടായി അറിയപ്പെടുന്ന ജര്‍മ്മനിയില്‍ ഗോട്ടിന്‍ഗനും അവിടുത്തെ ശാസ്ത്രജ്ഞരും ഒരു വലിയ കാര്യമൊന്നുമല്ലാ യിരിക്കും.

സംസാരത്തിനിടയില്‍ തൊട്ടടുത്ത കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടി താരിഖ് പറഞ്ഞു: "കാന്തിക ചിത്രങ്ങളുടെ (flash magnetic resonance imaging) വിദ്യ കണ്ടു പിടിച്ചയാള്‍ ജോലി ചെയ്യുന്നത് ആ കെട്ടിടത്തിലാണ്. സ്കെഡ് മൈക്രോസ്കോപി കണ്ടു പിടിച്ച മനുഷ്യന്‍ ഈ കെട്ടിടത്തിലും".

ലോകശാസ്ത്രത്തെ നയിച്ചിരുന്ന പഴയ കാലത്തെ പ്രതാപമൊന്നും ഇല്ലായിരിക്കാം. എന്നാലും ലോകത്തെ മാറ്റിമറിക്കുന്ന ശാസ്ത്രം ഇന്നും വീട്ടുകാര്യം പോലെയാണ് ഗോട്ടിന്‍ഗന്.